ന്യൂഡല്‍ഹി: ഡല്‍ഹിക്കും ഗുജറാത്തിനും പിന്നാലെ കൊവിഡ് നിര്‍ണയിക്കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് ഗണ്യമായി കുറച്ച് ഒഡീഷ സര്‍ക്കാരും. സ്വകാര്യ ലാബുകളില്‍ പരിശോധനയുടെ നിരക്ക് 400 രൂപയായാണ് ഒഡീഷ സര്‍ക്കാര്‍ കുറച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്.
നേരത്തെ ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1600 രൂപയില്‍ നിന്ന് 700 രൂപയായാണ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത്. വീടുകളില്‍ പോയി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ 900 രൂപ വരെ പരിശോധനാ നിരക്കായി ഈടാക്കാമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണിത്.
ഉത്തരാഖണ്ഡ് സര്‍ക്കാരും നിരക്ക് കുറച്ചിട്ടുണ്ട്. 1600 രൂപയില്‍ നിന്ന് 850 രൂപയായാണ് നിരക്ക് കുറച്ചത്. ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് 800 രൂപയാക്കിയാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി നിധിന്‍ ഭായ് പട്ടേലാണ് പ്രഖ്യാപനം നടത്തിയത്. വീട്ടില്‍ വന്ന് സാംമ്പിള്‍ ശേഖരിച്ച് ടെസ്റ്റ് നടത്തുന്നതിന് പരമാവധി 1100 രൂപ വരെ ഈടാക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഗുജറാത്തില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് തുക ഈടാക്കിയിരുന്നത്. ഇനി മുതല്‍ 800 രൂപ വരെയാണ് പരമാവധി ഈടാക്കാനാകുക. നേരത്തെ ഡല്‍ഹി സര്‍ക്കാരും ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ചിരുന്നു.ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്‍കിയാല്‍ മതിയാകും. നിലവില്‍ 2,400 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിലുള്ള നടപടി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസകരമാകും.
ലാബുകളില്‍ വന്ന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് 800 രൂപയും രോഗിയുടെ വീട്ടിയില്‍ പോയി സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നതിന് 1200 രൂപയുമാക്കിയാണ് ചാര്‍ജ്ജ് കുറച്ചിരിക്കുന്നത്. എല്ലാ ലാബുകളും ആശുപത്രികളും നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
ആര്‍ടി-പിസിആര്‍ ടെസ്റ്റിന് കേരളത്തില്‍ ഈടാക്കുവുന്ന തുകയായി സര്‍ക്കാര്‍ നിശ്ചയിച്ചത് 2100 രൂപയാണ്.അതേസമയം രാജ്യത്താകമാനം ആര്‍ടി – പിസിആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.