രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്താന്‍ അച്ഛന്‍ ആവശ്യപ്പെട്ടു, മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തിട്ട് അടിച്ചു, കുടുംബത്തില്‍ നിന്നാണെങ്കിലും പീഡനം പീഡനം തന്നെയാണ്; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഡോക്ടര്‍

geethika | bignewslive

പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ഗീതിക ബണ്ഡേവാലിന്റെ ജീവിതം. ബാല്യത്തിലും കൗമാരത്തിലും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു തുറന്നു പറഞ്ഞ ഗീതിക മര്‍ദനങ്ങളുടെ കഠിനപര്‍വം താണ്ടി വിലക്കുകള്‍ ഭേദിച്ച് ജീവിത വിജയത്തിലേക്ക് എത്തിയ യുവതിയാണ്.

തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മാറ്റിവെച്ച് രക്ഷിതാക്കളുടെ ഇഷ്ടാനുസരണം ജീവിക്കുന്നവരാണ് പല പെണ്‍കുട്ടികളും. എന്തെങ്കിലും രീതിയില്‍ രക്ഷിതാക്കളെ എതിര്‍ത്താല്‍ പിന്നെ പലപ്പോഴും നേരിടേണ്ടി വരുന്നത് ശാരീരിക മര്‍ദനവുമായിരിക്കാം. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഗീതിക.

ഗീതികയുടെ ഫേസ്ബുക്ക് കുറിപ്പ്

ഗര്‍ഭം ധരിച്ചിരിക്കുന്നത് പെണ്‍കുട്ടിയെയാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ അമ്മയോട് രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നു. അവരുടെ ആദ്യ രാത്രി മുതല്‍ അമ്മ അദ്ദേഹത്തില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഭക്ഷണത്തിന് രുചിയില്ല. അച്ഛന്റെ പണം കൊണ്ടു കഴിയുന്നു എന്നെല്ലാം പറഞ്ഞ് ഉപദ്രവിച്ചിരുന്നു. എന്റെ നാലു വയസ്സു മുതല്‍ എന്നെയും അച്ഛന്‍ മര്‍ദിക്കും. എന്നെ ഇടിക്കും മുടിയില്‍ കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്തു. പക്ഷേ, എന്റെ സഹോദരിയെയും സഹോദരനെയും അപൂര്വമായേ മര്‍ദിച്ചിരുന്നുള്ളൂ. അതെന്തിനാണെന്നും എനിക്ക് മനസ്സിലായിരുന്നില്ല.
സയന്‍സില്‍ ഉപരി പഠനം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും അടിച്ചു. ഞാന്‍ കൊമഴ്‌സോ ആര്‍ട്‌സ് വിഷയങ്ങളോ എടുത്താല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന്റെ പദ്ധതി. സഹോദരങ്ങളും എന്നെ പിന്തുണച്ചില്ല. ഞാന്‍ നന്നായി പഠിച്ചു. ഡോക്ടറാകാനായിരുന്നു എന്റെ ആഗ്രഹം. പരീക്ഷ പാസായി മുംബൈയിലെ മെഡിക്കല് കോളജില്‍ പഠനത്തിന് അവസരവും ലഭിച്ചു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പണം കുറവായിരുന്നു. എന്റെതായ ഒരിടം കണ്ടെത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പഠനത്തിനൊപ്പം കായിക പരിപാടികളിലും സൗന്ദര്യ മത്സരത്തിലും ഞാന്‍ പങ്കെടുത്തു. പഠനശേഷം മുംബൈയില്‍ ജോലികിട്ടാന്‍ വളരെ കഷ്ടപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയ ആ ദിവസങ്ങളിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലം. ഞാന്‍ സമ്പാദിക്കുന്നില്ലെന്നു പറഞ്ഞ് അച്ഛന്‍ മര്‍ദിച്ചു. ഒരിക്കല്‍ കയ്യിലിരുന്ന പഴം തട്ടിയെടുത്ത് സ്വന്തമായി അധ്വാനിച്ച് കഴിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. അതെനിക്ക് സഹിക്കാനായില്ല. അതോടെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. അപ്പോഴാണ് എനിക്ക് പിജിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. കൂടാകെ ഞാന്‍ മോഡലിങ് രംഗത്തും സജീവമാകാന്‍ തുടങ്ങി. പക്ഷേ, എന്റെ ചിത്രം ഓണ്‍ലൈനില്‍ വന്നപ്പോള്‍ സഹോദരി പ്രശ്‌നമുണ്ടാക്കി. അന്ന് കോളജില്‍ എത്തിയ അച്ഛനും സഹോദരിയും എന്നെ മര്‍ദിച്ചു. ഞാന്‍ ബാത്‌റൂമിലേക്ക് ഓടിപ്പോയി എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവര്‍ വന്നാണ് അച്ഛനെയും സഹോദരിയെയും അവിടെ നിന്നും കൊണ്ടുപോയത്. എന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തി. അതോടെ അദ്ദേഹം എനിക്കൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിച്ചു.
വീട്ടിലേക്കു വരുത്താനായി നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവില്‍ പിജി കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലെത്തി. പീഡനം തുടര്‍ന്നു കൊണ്ടിരുന്നു. ജോലിക്കായി കഠിനപരിശ്രമം നടത്തിയ എനിക്ക് ആറുമാസത്തിനകം ജോലി കിട്ടി. ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ മോഡലിങ് ആരംഭിച്ചു. ഇക്കാലമെല്ലാം എന്റെ അച്ഛനും അമ്മയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, എനിക്ക് കരിയറില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവര്‍ക്ക് മറുപടി നല്‍കി. ദീപാവലിക്ക് വീട്ടില്‍ പോയി. സമ്പാദിക്കുന്നതു കൊണ്ട് അച്ഛന്‍ ഇനി മര്‍ദിക്കില്ലെന്നാണ് കരുതിയത്. പക്ഷേ, എന്റെ തെറ്റായ ധാരണയായിരുന്നു അത്. മറ്റൊരു പരസ്യ ചിത്രം കണ്ടത് പ്രശ്‌നമായി. അച്ഛനും സഹോദരനും മുടി പിടിച്ച് വലിച്ച് നിലത്തിട്ട് മര്‍ദിച്ചു. അമ്മയും സഹോദരിയും നിശബ്ദം നോക്കി നില്‍ക്കുകയായിരുന്നു. അയല്‍വാസികളാണ് വന്ന് രക്ഷപ്പെടുത്തിയത്. അയല്‍വാസിയായ ഒരാള്‍ക്കൊപ്പം പോയി ഞാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അമ്മയോട് എനിക്കൊപ്പം വരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബാഗും എടുത്ത് മുംബൈയിലേക്ക് വന്നു. ജോലിയും കായിക മേഖലയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതയായി. അവരെ കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് വേദനിക്കും. പക്ഷേ, എനിക്ക് മതിയായി. ഇനി അങ്ങോട്ട് തിരിച്ചു പോകില്ലെന്ന് ഞാന്‍ സത്യം ചെയ്തു. കാരണം കുടുംബത്തില്‍ നിന്നാണെങ്കിലും പീഡനം പീഡനം തന്നെയാണ്. ഇനി സഹിക്കാനാകില്ല.

Exit mobile version