ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് ട്വീറ്റുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ‘മോഡിയെക്കൊണ്ട് എല്ലാം സാധ്യമാണെ’ന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ലാത്തിയും ജയിലുമാണെന്ന് കാണിക്കുന്ന ചിത്രമാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘മോഡിയെക്കൊണ്ട് പറ്റും!’ ‘ടെലികോമും, ചെറുകിട വ്യാപാരവും, പ്രതിരോധവും കൃഷിയും മോഡി അംബാനിക്ക് നല്‍കി. എയര്‍പോര്‍ട്ടും റെയില്‍വേയും സോളാറും കൃഷിയും അദാനിക്കും നല്‍കി. കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും,’ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ വിശദീകരിക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിലൂടെ കൃഷിയും പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണെന്ന വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ ഏഴു ദിവസത്തോളമായി പ്രതിഷേധത്തിലാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.
Modi hai to mumkin hai! pic.twitter.com/vCSsqIGkYy
— Prashant Bhushan (@pbhushan1) December 1, 2020