മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

supreme court | big news live

ന്യൂഡല്‍ഹി: ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം സിദ്ദിഖ് കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിദ്ധിഖിനെ കസ്റ്റഡിയില്‍ പോലീസ് മര്‍ദ്ദിക്കുകയും അദ്ദേഹത്തിന് മരുന്ന് നിഷേധിക്കുകയും ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നും യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയില്‍ കെയുഡബ്‌ള്യൂജെ ചൂണ്ടിക്കാട്ടുന്നു. ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിനാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version