ലഖ്‌നൗ: മുംബൈയിലെത്തുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കൂടിക്കാഴ്ചയുടെ പിന്നിലുള്ള കാര്യം വ്യക്തമല്ല. അക്ഷയ് കുമാറിന് പുറമെ ബോളിവുഡിലെ മറ്റ് താരങ്ങളെയും ആദിത്യനാഥ് കാണുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഉത്തര്‍ പ്രദേശില്‍ ആരംഭിക്കാനിരിക്കുന്ന ഫിലിം സിറ്റിയുടെ ചര്‍ച്ചക്കാണ് ബോളിവുഡ് താരങ്ങള്‍ യോഗിയെ സന്ദര്‍ശിക്കുന്നതെന്നാണ് സൂചന. ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുംബൈയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ആദിത്യനാഥ് എത്തുന്നത്. ഉത്തര്‍പ്രദേശിലേക്ക് സിനിമ കൂട്ടായ്മയെ എത്തിക്കണെന്ന ആഗ്രഹം ആദിത്യനാഥിന് മുമ്പും ഉണ്ടായിരുന്നു. ഫിലിം സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിന് മുമ്പും നടന്നിരുന്നു.
ഉത്തര്‍ പ്രദേശിലെ സെക്റ്റര്‍ 21ല്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ പ്രമുഖര്‍, ഇന്‍വെസ്റ്റേഴ്സ് എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായ നടരാജന്‍ ചന്ദ്ര ശേഖരന്‍, എല്‍ ആന്റ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രമണ്യന്‍ എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.