പുണെ: കോവിഷീല്‍ഡ് സുരക്ഷിതവും രോഗ പ്രതിരോധശേഷിയുളളതുമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അതേസമയം ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നത്തിന് കാരണം വാക്സിന്‍ അല്ലെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. വാക്സിന്‍ ട്രയലില്‍ പങ്കാളിയായ ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നം അങ്ങേയറ്റം നിര്‍ഭാഗ്യമായിപ്പോയെന്ന് അഭിപ്രായപ്പെട്ട സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് തങ്ങള്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി തനിക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി വ്യക്തമാക്കി രംഗത്ത് എത്തിയത്. നഷ്ടപരിഹാരമായി ഇയാള്‍ അഞ്ചുകോടി രൂപയും ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് കോവിഷീല്‍ഡ് വാക്സിന്‍ സുരക്ഷിതമാണെന്നും സന്നദ്ധപ്രവര്‍ത്തകന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത് വാക്സിന്‍ എടുത്തതുകൊണ്ടല്ലെന്നും വ്യക്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ രംഗത്ത് എത്തിയത്. പണം തട്ടാനുള്ള ശ്രമം ആണ് ഇതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെയാണ് ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും നടത്തിയ പരിശോധനയില്‍ വാക്സിന്‍ ട്രയലുമായി ബന്ധപ്പെട്ടല്ല ആരോഗ്യ പ്രശ്നമുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ സുരക്ഷിതമാണൈന്നും ഫലപ്രദമാണെന്നും തെളിയിക്കപ്പെടുന്നത് വരെ വ്യാപക ഉപയോഗത്തിനായി വാക്സിന്‍ ലഭ്യമാക്കില്ലെന്ന് തങ്ങള്‍ ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നതായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ചെന്നൈ സ്വദേശിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കമ്പനിക്കുണ്ടായ മാനഹാനിയില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്പനി നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post