ന്യൂഡല്‍ഹി: പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തെരച്ചിലിന് ശേഷമാണ് നാവികസേനയിലെ വിദഗ്ധര്‍ വിമാനത്തിന്റെ ആദ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അതേസമയം അപകടത്തില്‍ കാണാതായ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങിനായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മേഖലകളില്‍ കൂടുതല്‍ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ട്രെയ്‌നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
അതേസമയം യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിഷാന്ത് സിങ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിഷാന്തിന്റെ ഇജക്ഷന്‍ സീറ്റില്ലെന്നാണ് നാവികസേനയിലെ വിദഗ്ധര്‍ വ്യക്തമാക്കിയ്ത. പൈലറ്റ് ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുമ്പോള്‍ വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നതെന്നാണ് സൂചന. സീറ്റ് ഇജക്ട് ചെയ്ത ശേഷം രണ്ടാമതൊരു പാരച്യൂട്ട് താഴ്ന്നിറങ്ങുന്നതായി കണ്ടിരുന്നുവെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രെയ്‌നി പൈലറ്റും അറിയിച്ചത്.
തകര്‍ന്നു വീണ മിഗ്-29കെ യുദ്ധവിമാനത്തില്‍ ലോകത്ത് ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യന്‍ നിര്‍മിത കെ-36ഡി 3.5 ഇജക്ഷന്‍ സീറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇജക്ഷന്‍ ഹാന്‍ഡില്‍ വലിക്കുമ്പോള്‍ ആദ്യം പിന്‍സീറ്റും പിന്നീട് മുന്നിലെ പൈലറ്റ് സീറ്റുമാണ് വിമാനത്തില്‍ നിന്ന് അടര്‍ന്നുമാറുക.
Discussion about this post