ഹൈദരാബാദ്: കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി ഹൈദരാബാദ് കോര്പ്പറേഷന് തെരെഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി എഐഎംഐഎമ്മിന് തന്നെ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്.
യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും ലീഗ് ഇതുവരെ പിന്തുണ കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കോര്പ്പറേഷന് തെരെഞ്ഞെടുപ്പില്‍ ഉവൈസിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന് പ്രസ്താവന പുറത്തിറക്കിയിരുന്നു. തെരെഞ്ഞെടുപ്പില്‍ ഉവൈസിയെ പിന്തുണയ്ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഉവൈസിയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്യുന്നതായാണ് ലീഗിന്റെ വിലയിരുത്തല്‍ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സംസ്ഥാന നിലപാട് തിരുത്തിയെന്ന മട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനിയുടെ പേരില്‍ പുതിയൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
യുപിഎ കക്ഷികള്‍ക്ക് മാത്രമേ വോട്ട് കൊടുക്കാവൂ എന്നാണ് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ കത്തിനെയും കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെയും തള്ളിയാണ് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന് രംഗത്ത് വന്നത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഞെട്ടലുണ്ടാക്കിയെന്നും, ഉവൈസിയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നുമായിരുന്നു ഇംതിയാസിന്റെ പ്രതികണം.
കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തെലങ്കാന മുസ്ലിം ലീഗ് കമ്മിറ്റിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു എന്നാണ് സൂചനകള്‍. ഹൈദരാബാദില്‍ ഉവൈസിയും പാര്‍ട്ടിയും അനിവാര്യമാണെന്ന വിലയിരുത്തലാണ് സംസ്ഥാന കമ്മിറ്റിക്ക് ഉള്ളത്. മുസ്ലിം ലീഗുള്‍പ്പടെയുള്ള സമുദായ പാര്‍ട്ടികള്‍ക്ക് അനല്പമായ സ്വാധീനമുള്ള ഹൈദരാബാദില്‍ ഈ നിലപാട് മാറ്റവും അത് സൃഷ്ടിച്ച സംഘടനാ പ്രശനങ്ങളും എങ്ങനെ പ്രതിഫലിക്കും എന്ന് കാത്തിരുന്ന് തന്നെ കാണണം.
Discussion about this post