ചെന്നൈ: സൂപ്പർ താരം രജനികാന്ത് ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി എത്തിയ ആരാധകർക്ക് ആശ്വസിക്കാം. രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് രജനികാന്ത് പ്രതികരിച്ചിരിക്കുകയാണ്. രജനി ആരാധക സംഘടനയായ മക്കൾ മൺറത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
”ഞാൻ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഞാൻ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”-രജനിയുടെ വാക്കുകൾ ഇങ്ങനെ.
കോവിഡ് കാലത്ത് പുറത്തിറങ്ങി ആളുകളുമായി ഇടപെടുന്നതിന് ഡോക്ടർമാർ തന്നെ രജനിക്ക് നിയന്ത്രണങ്ങൾ നിർദേശിച്ചതോടെയാണ് വൃക്ക രോഗിയായ താരം രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകർ പിന്മാറാൻ തയ്യാറല്ല. രാഷ്ട്രീയത്തിലേക്ക് രജനി ഉടൻ പ്രവേശനം പ്രഖ്യാപിക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നുമാണ് ആരാധകരുടെ ആവശ്യം.
Discussion about this post