ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്ത് ഉടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വേഗത്തിലാക്കണമെന്ന ആവശ്യം മക്കൾ മൺറം യോഗത്തിനെത്തിയ ആരാധകർ മുദ്രാവാക്യം വിളികളോടെയാണ് ഉന്നയിച്ചത്.
രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകണമെന്നും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് യോഗം നടക്കുന്ന ഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, വൃക്ക സംബന്ധമായ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാതിനാലും കോവിഡിന്റെ സാഹചര്യത്തിൽ ഡോക്ടർമാർ അതീവശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടതിനാലും രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്ന നിലപാടിലാണ് രജനികാന്ത്. രജനി ഇക്കാര്യം സൂചിപ്പിച്ച് എഴുതിയതെന്ന് വിചാരിക്കുന്ന കത്തും ഈയിടെ പുറത്തെത്തിയിരുന്നു.
എന്നാൽ ആരാധകർ രജനിയുടെ പിന്മാറ്റത്തെ അനുകൂലിക്കുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയേ തീരൂവെന്ന നിലപാടിലാണ് ആരാധകർ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകർ ശക്തമായി ആവശ്യപ്പെടുകയാണ്.
ഇതിനിടെയിലാണ് മക്കൾ മൺറം യോഗം ചേരുന്നത്. രജനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു.
Discussion about this post