ബംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി സ്ത്രീയുള്‍പ്പെടെ നാലംഗ സംഘം കര്‍ണാടകിയില്‍ പിടിയില്‍. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് അറസ്റ്റിലായത്.
ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് നഖങ്ങള്‍ ശേഖരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗ്രാമീണരില്‍നിന്നും വേട്ടക്കാരില്‍നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന സംഘത്തിലെ കണ്ണികളാവാം ഇവരെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍വെച്ച് സംഘം പിടിയിലായത്. നഖങ്ങള്‍ക്ക് പുറമെ, കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ വാങ്ങുന്ന നഗരത്തിലെ ചിലരെ കാണാനാണ് ഇവര്‍ എത്തിയതെന്ന് പോലീസ് പറയുന്നു. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വനത്തില്‍ ചാകുന്ന മൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന ഗ്രാമീണരില്‍നിന്നാണ് സംഘം ഇവ വാങ്ങുന്നത്. പിന്നീട് ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വിറ്റ് പണം കണ്ടെത്തുകയാണ് ഇവരുടെ പതിവു രീതി. വേട്ടയാടി പിടിക്കുന്നുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post