ഹൈദരാബാദ്: തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായി രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കർഷകരെ തിരിഞ്ഞു നോക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയിൽ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്കാണ് അമിത് ഷാ എത്തിച്ചേർന്നിരിക്കുന്നത്.
ഞായറാഴ്ച ഹൈദരാബാദിലെ ബീഗമ്പേട്ട് വിമാനത്താവളത്തിലെത്തിയ ഷായെ സംസ്ഥാനത്തെ ബിജെപി നേതാക്കൾ സ്വീകരിച്ചു. ഹൈദരാബാദിലെ പഴയ നഗരത്തിലെ ഭാഗ്യാലക്ഷ്മി ക്ഷേത്രം സന്ദർശിച്ച് പ്രചാരണത്തിന്റെ മുന്നോടിയായി അദ്ദേഹം പ്രാർത്ഥന നടത്തി. ഞായറാഴ്ച തെലങ്കാനയിൽ നടക്കുന്ന പൊതു പരിപാടികളെ അഭിസംബോധന ചെയ്യുന്ന ഷാ, സെക്കന്തരാബാദിലെ റോഡ്ഷോയിലും പങ്കെടുക്കും.
നേരത്തെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ വക്താവ് സാംപിത് പത്ര, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ എന്നിവരും ഹൈദരാബാദ് സന്ദർശിച്ചിരുന്നു.
ഇതിനിടെ സമരത്തിന് ഒത്തുതീർപ്പിനായി അമിത് ഷാ ഉപാധികൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും എല്ലാം പ്രതിഷേധക്കാർ തള്ളിക്കളയുകയായിരുന്നു. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമരക്കാർ ബുറാഡിയിലെ സമരവേദിയിലേക്കു മാറണമെന്നായിരുന്നു സർക്കാറിന്റെ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിസഭ പാസാക്കിയ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചും തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായുമാണ് കർഷകർ പ്രധാനമായും ദില്ലി ചലോ മാർച്ച് നടത്തുന്നത്. പ്രധാനമായും പഞ്ചാബിൽനിന്നുള്ള കർഷകരാണ് സിൻഖു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കർഷകർ വ്യക്തമാക്കിയിരുന്നു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ.
Discussion about this post