ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിനില്‍ കുരുക്കുവീണ കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ രാജി വെക്കില്ലെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും എംജെ അക്ബര്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ അദ്ദേഹം രാജിവെക്കുന്ന വാര്‍ത്ത പരന്നിരുന്നു. അതേസമയം എംജെ അക്ബര്‍ രാജി വച്ചു എന്ന വാര്‍ത്ത തിരുത്തി ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കുറിച്ച് എന്റെ അഭിഭാഷകര്‍ അന്വേഷിച്ച ശേഷം അടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും എംജെ അക്ബര്‍ പറഞ്ഞു. വിദേശ പര്യടനം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ഷന് തൊട്ട് മുന്‍പ് ഇത്തരത്തിലൊരു ആരോപണവുമായി വന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് എംജെ അക്ബറിന്റെ ആരോപണം. ആരോപണമുന്നയിച്ച സ്ത്രീകള്‍ കെട്ടി ചമച്ചതാണ് പരാതിയെന്നും അക്ബര്‍ പറയുന്നു.
എന്നാല്‍ ഒരു ഡസണ്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ പറയുന്നതിനെ എങ്ങനെ ഗൂഡാലോചന എന്ന് വിളിക്കും എന്നും എം ജെ അക്ബറിന്റെ രാജി ഏത് തെരഞ്ഞെടുപ്പ് മണ്ഡലത്തെയാണ് ബാധിക്കുക എന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു
Discussion about this post