ന്യൂഡല്‍ഹി; നാവികസേനയുടെ മിഗ്29കെ യുദ്ധവിമാനം തകര്‍ന്നു കാണാതായ പൈലറ്റ് നിഷാന്ത് സിംഗ് ഏഴു മാസം മുന്‍പാണ് വിവാഹിതനായത്. അപകടം സംഭവിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഇദ്ദേഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടു മേല്‍ ഉദ്യോഗസ്ഥനോട് അനുവാദം തേടുന്ന കത്താണ്.
സൈനിക പാരമ്പര്യമനുസരിച്ചു വിവാഹത്തിനു മേല്‍ ഉദ്യോഗസ്ഥരില്‍നിന്ന് അനുമതി തേടേണ്ടതുണ്ടായിരുന്നു. ഇത്തരത്തില്‍ അനുമതി തേടിയ കത്താണ് വൈറലാകുന്നത്. കഴിഞ്ഞ മേയ് ഒന്‍പതിനാണ് ‘വെടിയുണ്ട വിഴുങ്ങുന്നതിനുള്ള അനുമതി’ എന്ന പേരിലുള്ള കത്ത് നല്‍കിയത്.
‘തന്റെ മേല്‍ ന്യൂക്ലിയര്‍ ബോംബ് ഇടട്ടെ’ എന്നായിരുന്നു മേല്‍ ഉദ്യോഗസ്ഥനോടു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി ചോദിച്ചത്. സമാധാനപരമായ കാലത്തെ ത്യജിക്കാന്‍ തയാറാണെന്നും നിഷാന്ത് പറഞ്ഞു. കമാന്‍ഡിങ് ഓഫീസറുടെ മറുപടിയും വൈറലാകുന്നുണ്ട്. ‘ഒടുവില്‍ നല്ല കാര്യങ്ങള്‍ക്ക് അവസാനം വന്നിരിക്കുന്നു. ദാമ്പത്യത്തിന്റെ ശ്മശാന ഭൂമിയിലെ ചുഴിയിലേക്കു സ്വാഗതം’ എന്നായിരുന്നു ഗോവ ഹസ്ന ഐഎന്‍എസ് വൈറ്റ് ടൈഗര്‍ സ്ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫിസര്‍ ക്യാപ്റ്റന്‍ മൃഗങ്ക് ഷോഖന്ദ് മറുപടി നല്കി.
കഴിഞ്ഞ മേയിലാണ് നിഷാന്ത് വിവാഹിതരായി. സഹപാഠിയായിരുന്ന നയാബ് രണ്‍ധാവയെയാണ് നിഷാന്ത് തന്റെ ജീവിത സഖിയാക്കിയത്. ദുരന്തത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തണമെന്നും നിഷാന്ത് ക്യാപ്റ്റനെ ക്ഷണിച്ചിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു വിഡിയോ വഴി ലളിതമായാണു വിവാഹച്ചടങ്ങുകള്‍ നടത്തിയത്.
വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്നു പറന്നുയര്‍ന്ന നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം വ്യാഴാഴ്ചയാണു നിയന്ത്രണം വിട്ട് അറബിക്കടലില്‍ വീണത്. നിയന്ത്രണം വിട്ട വിമാനത്തില്‍നിന്നു പൈലറ്റുമാര്‍ ഇജക്ട് ചെയ്ത് കടലിലേക്കു ചാടുകയായിരുന്നു. പൈലറ്റുമാരില്‍ ഒരാളെ രക്ഷിച്ചു. കാണാതായ രണ്ടാം പൈലറ്റ് ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കുടുംബവും കാത്തിരിക്കുകയാണ്.
Discussion about this post