ബീജിങ്: ലോകം ഒന്നടങ്കം ഇന്ന് കോവിഡ് 19 വൈറസ് പേടിയില്‍ കഴിയുകയാണ്. പടര്‍ന്നുപിടിച്ച് വൈറസ് ബാധിച്ചത് കോടിക്കണക്കിനാളുകള്‍ക്കാണ്. ലക്ഷങ്ങള്‍ മരിച്ച് വീഴുകയും ചെയ്തു. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മാരക വൈറസിനെ പിടിച്ചുകെട്ടാന്‍ ഇതുവരെ വാക്‌സിന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയ്ക്ക് കാരണമായ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രഞ്ജര്‍. കഴിഞ്ഞ ഉഷ്ണകാലത്ത് ഇന്ത്യയില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയ്യാറാക്കിയ പ്രബന്ധത്തിലൂടെയാണ് ചൈന ഈ വാദമുന്നയിച്ചത്. ഇത് ഈ രാജ്യത്തിന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാകാമെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനാ ശാസ്ത്രജ്ഞരുടെ വാദം.
ഇതാദ്യമായല്ല ചൈന വൈറസിന്റെ ഉത്ഭവസ്ഥാനം തങ്ങളുടെ രാജ്യത്തുനിന്നല്ല എന്ന് വാദിക്കുന്നത്. വൈറസ് ഉത്ഭവിച്ചത് ഇറ്റലിയില്‍ നിന്നാണെന്ന് മുന്‍പ് ചൈന ഒരു വാദമുന്നയിച്ചിരുന്നു. ചൈനീസ്- യുഎസ് ബന്ധം വഷളായ ഒരു ഘട്ടത്തില്‍ ചൈന യുഎസില്‍ നിന്നാണ് കൊവിഡ് രോഗം പരന്നതെന്ന ആരോപണമുന്നയിച്ചത് വിവാദമായിരുന്നു.
ഇന്ത്യയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വാദിക്കുന്ന പ്രബന്ധം ഇതുവരെ വിവിധ ലോകരാഷ്ട്രങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തിയിട്ടില്ല. ചൈനയുടെ അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും വൈറസ് രൂപാന്തരീകരണം കുറവായതിനാല്‍ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ആകാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
മെയ്, ജൂണ്‍ മാസങ്ങളിലെ രണ്ടാം താപതരംഗത്തിന്റെ സമയത്ത് വൈറസ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിക്കുകയും വളര്‍ച്ച പ്രാപിക്കുകയും പരക്കുകയും ചെയ്തിരിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രബന്ധത്തിലൂടെ വാദിക്കുന്നു.