ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. വൈറസിനെ തടയാന്‍ ഒരു പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ലോകജനത.
അതിനിടെ ഇന്ത്യയുടെ വാക്സിന് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയെന്നത് ഇന്ത്യയുടെ കടമയാണെന്നും അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് വികസനം പുരോഗമിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അഹമ്മദാബാദിലെ സൈഡസ് ബയോപാര്ക്കിലേയ്ക്കാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിനാണ് സൈഡസ് കാഡില വികസിപ്പിക്കുന്നത്.
വാക്സിന് വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിലാണ് പ്രധാനമന്ത്രി രണ്ടാമത് സന്ദര്‍ശനം നടത്തിയത്.
വാക്സിനെക്കുറിച്ച് ഗവേഷകരില്‍ നിന്നും വിശദമായി ചോദിച്ചറിഞ്ഞെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ അഭിനന്ദിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഐസിഎംആറുമായി ചേര്‍ന്ന് അതിവേഗത്തിലാണ് ഭാരത് ബയോടെക്കിന്റെ ടീം പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി അധികൃതരുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തിയതായി അറിയിച്ചു. ഇതുവരെയുള്ള പുരോഗതിയും ഒപ്പം വാക്സിന് നിര്‍മ്മാണത്തിന് ആവശ്യമായ പദ്ധതികളും ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തയ്യാറെടുപ്പുകള്‍ നേരില്‍ കണ്ട് മനസിലാക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
Discussion about this post