മുംബൈ: ഷഹീന്‍ബാഗ് സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ സമരനായിക ബില്‍കിസ് ബാനോവിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നു എന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു കങ്കണയുടെ അധിക്ഷേപം.
എന്നാല്‍ കങ്കണയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.’ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂഡല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയില്‍ മുന്നിരയിലുണ്ടായിരുന്നു 82 കാരിയായ ബില്‍കീസ്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു. 2019ല്‍ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായികയായ ബില്‍കീസ് ഇടംപിടിച്ചിരുന്നു. 2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റിലും ബില്‍ക്കീസ് ഇടംപിടിച്ചിരുന്നു. ‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബിബിസി ബില്‍കിസിനെ വിശേഷിപ്പിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്’ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അരലക്ഷത്തോളം പേരാണ് നിലവില്‍ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കര്‍ഷകര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചിരുന്നു.