എന്തുവന്നാലും പിന്നോട്ടില്ലെന്ന് ഉറച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കര്‍ഷകരും സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാണ് മൂന്നുദിവസമായി രാജ്യം മാധ്യമങ്ങളിലൂടെയും മറ്റും കാണുന്നത്.
രാജ്യം ഒന്നടങ്കം കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. അതിനിടയില്‍ ഹൃദയം കവരുന്ന മറ്റ് സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പോരാട്ടത്തിനിറങ്ങിയ കര്‍ഷകരെ തല്ലാന്‍ നില്‍ക്കുന്ന പൊലീസുകാരന് വെള്ളം കൊടുക്കുന്ന ഒരു കര്‍ഷകന്റെ ചിത്രം ഇന്നലെ വൈറലായിരുന്നു.
ഇതിന് പിന്നാലെ കര്‍ഷകരെ തടയാന്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് സൗജന്യമായി ഭക്ഷണം ഉണ്ടാക്കി വിളമ്പി നല്‍കുകയാണ് ഹരിയാനയിലെ കര്‍ണാലിലുള്ള സിഖ് ഗുരുദ്വാര. സമൂഹഅടുക്കളയില്‍ നിന്നുള്ള ഭക്ഷണമാണ് പൊലീസുകാര്‍ക്ക് വിളമ്പിയത്.
രണ്ടു വരിയായി റോഡില്‍ ഇരുന്ന് വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന പോലീസുകാരുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. യൂണിഫോമിലുള്ള പൊലീസുകാര്‍ ലാത്തിയും ഷീല്‍ഡും സമീപത്ത് വച്ചാണ് ഭക്ഷണം കഴിക്കുന്നത്. ജലപീരങ്കിയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും കൊണ്ട് പൊലീസ് കര്‍ഷകനീക്കത്തെ ചെറുക്കുമ്പോള്‍ തന്നെയാണ് അവര്‍ക്കും ഗുരുദ്വാര അന്നമൂട്ടുന്നത്.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കിയ ഡല്‍ഹിയിലെ മുസ്ലിം പള്ളികളുടെ വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.
അണയാത്ത ഐക്യവും മനുഷ്യത്വവും എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം വ്യാപകമായി പങ്കുവെയ്ക്കുന്നത്. ‘ ഡല്‍ഹിയിലെ നിരവധി പള്ളികള്‍ പഞ്ചാബില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ക്കായി ഭക്ഷണം വിളമ്പുകയാണ്.സിഎഎ-എന്‍ആര്‍സി പ്രതിഷേധ സമയത്ത് കര്‍ഷകര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. മനുഷ്യരാശിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഞങ്ങളുടെ അവസരമാണ് ഇത്. ഈ അനുകമ്പയും ഐക്യവുമാണ് അസഹിഷ്ണുതയുള്ള ഭരണാധികാരികളെ അലട്ടുന്നത്’, എന്ന് മുഹമ്മദ് അജ്മല്‍ ഖാന്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ എല്ലാ വിവരങ്ങള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകനായ നദീം ഖാനും രംഗത്തെത്തി. ഡല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സാഹചര്യം ആവശ്യപ്പെടുന്നിടത്തോളം കാലം സൗജന്യ ഭക്ഷണവിതരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അറിയിച്ച് പല വിഭാഗക്കാരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം വേണ്ട കര്‍ഷകര്‍ക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബെല്‍ നമ്പറും കൂട്ടത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.
പോലീസിനെ മുട്ടുകുത്തിച്ച് ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ തന്നെ തുടരുകയാണ്. പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സ്ഥലത്തേക്കു പോകാന്‍ വിസമ്മതിച്ച കര്‍ഷകര്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍, ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിരങ്കാരി മൈതാനത്തു പ്രതിഷേധിക്കാനാണ് ഇവര്‍ക്ക് അനുവാദം നല്കിയിരുന്നത്. ജന്തര്‍ മന്തറിലെത്തി പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തിക്രി അതിര്‍ത്തി മേഖലയില്‍ ഒത്തുകൂടിയ കര്‍ഷകരും അവിടെ തന്നെ തുടരുകയാണ്. ഇവര്‍ ബുറാഡിയിലേക്ക് നീങ്ങുമോ എന്ന് ഉടന്‍ തീരുമാനിക്കും.