‘അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’; കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

narendra modi | big news live

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാര്‍മ പ്ലാന്റുകളില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


കൊവിഡ് വാക്സിന്‍ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും കമ്പനി പ്രതിനിധികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കമ്പനിയുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്സിന്‍ സികോവ്-ഡിയുടെ ആദ്യഘട്ട വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടം ഓഗസ്തില്‍ ആരംഭിച്ചുവെന്നുമാണ് കമ്പനി അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.

‘ഡിഎന്‍എ അടിസ്ഥാനമാക്കി സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിന്‍ വിതരണത്തെക്കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദിലെ സൈഡസ് ബയോപാര്‍ക്ക് സന്ദര്‍ശിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ക്ക് പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ട്’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുന്നത്.


രാജ്യത്ത് നിലവില്‍ അഞ്ച് കൊവിഡ് വാക്‌സിനുകളാണ് അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്‌നിക് 5 ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്.

Exit mobile version