കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ കൂടെ നിന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച്ബിഹാര്‍ എംഎല്‍എയുമായ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിധ്യത്തിലാണ് മിഹിര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
അവഗണന ഇനിയും സഹിക്കാനാവാത്തതിനാല്‍ തൃണമൂലുമായുള്ള ബന്ധം തുടരുക ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം മിഹിര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മിഹിര്‍ തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിര്‍.
മിഹിര്‍ ബിജെപി അംഗത്വം സ്വീകരിച്ചതോടെ രാഷ്ട്രീയമായി ഇരട്ട ആഘാതമാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സുവേന്ദു അധികാരി ഇന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി കുറച്ചു നാളായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അധികാരി. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
അതേസമയം സുവേന്ദു പാര്‍ട്ടി വിടില്ലെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. നന്ദിഗ്രാം സമരത്തിന്റെ മുഖ്യ നേതാക്കളിലൊരാളായിരുന്നു സുവേന്ദു അധികാരി.
Discussion about this post