ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വേണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം നിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍. അറസ്റ്റ് ചെയ്തു ജയിലിലാക്കാന്‍ കര്‍ഷകര്‍ തുറ്റവാളികളോ തീവ്രവാദികളോ അല്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിലപാട്. സ്റ്റേഡിയങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു.
കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.ഇക്കാര്യത്തിലാണ് ആം ആദ്മി സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
‘അറസ്റ്റു ചെയ്ത് ജയിലിലാക്കാന്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ല. ഇന്ത്യന്‍ ഭരണഘടന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള പ്രതിഷേധം ഒരു സ്വതന്ത്ര ജനാതിപത്യ സമൂഹത്തിന്റെ മുഖമുദ്രയാണെന്നും ആം ആദ്മി നേതാവ് രാഘവ് ചദ്ദ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍ എല്ലാ അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഡല്‍ഹി-ഹരിയാണ അതിര്‍ത്തി പോലീസ് പൂര്‍ണമായും തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷസാഹചര്യമായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നുതന്നെയാണ് കര്‍ഷകര്‍ പറയുന്നത്.
Discussion about this post