നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, നൂറിലധികം വീടുകള്‍ നശിച്ചു, 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

tamilnadu| big news live

ചെന്നൈ: തമിഴ്നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരിച്ചത്. ചെന്നൈ റോയപ്പേട്ട് റോഡിലൂടെ നടക്കുമ്പോള്‍ മരം കടപുഴകിവീണ് അമ്പതുകാരനും കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവില്‍ പൊട്ടിവീണ വൈദ്യുത കേബിളില്‍നിന്ന് ഷോക്കേറ്റ് ബിഹാര്‍ സ്വദേശിയായ ഇരുപത്തേഴുകാരനുമാണ് മരിച്ചത്. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് പതിനാറുകാരന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറ്റില്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചാണ് മരിച്ചത്.

അതേസമയം നൂറിലധികം വീടുകളാണ് നശിച്ചത്. 101 വീടുകള്‍ നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍നിന്ന് 2,27,300 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 26 കന്നുകാലികള്‍ ചത്തു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതത്തൂണുകള്‍ക്കും നാശമുണ്ടായി. കാറ്റിനൊപ്പം പെയ്ത മഴയില്‍ ചെന്നൈ, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30-നും വ്യാഴാഴ്ച പുലര്‍ച്ചെ 2.30-നും ഇടയിലാണ് തീരം തൊട്ടത്. പൂര്‍ണമായും കരയില്‍ കടന്നശേഷം ദുര്‍ബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നിരിക്കുകയാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലാണ് കാറ്റ് വീശിയത്. അടുത്ത ദിവസങ്ങളിലും വെല്ലൂര്‍, റാണിപ്പേട്ട്, തിരുപത്തൂര്‍, ധര്‍മപുരി, തിരുവണ്ണാമല എന്നീ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

അതേസമയം സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തതിനാലാണ് നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളില്‍നിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുനഃരാരംഭിച്ചു. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള തീവണ്ടി സര്‍വീസുകളും പുനഃരാരംഭിച്ചിട്ടുണ്ട്.

Exit mobile version