ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. അതേസമയം വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.
കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പലഘട്ടങ്ങളിലായി നിരോധനം നീട്ടുകയായിരുന്നു.
ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം വരവ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യം, ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post