ആര്‍എല്‍എസ്പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. കുശ്വാഹ മന്ത്രി സ്ഥാനം രാജിവെച്ചതോടെ കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) എന്‍ഡിഎ വിട്ടേക്കും.
പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് എന്‍ഡിഎയ്ക്കെതിരെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനാണ് ആര്‍എല്‍എസ്പിയുടെ തീരുമാനം. വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കും.
എന്നാല്‍ എന്‍ഡിഎ വിടാനുള്ള കുശ്‌വാഹയുടെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും
ആര്‍എല്‍എസ്പിയുടെ വിമത എംപി അരുണ്‍ കുമാറും കുശ്‌വാഹ എന്‍ഡിഎ വിടുന്നതിനോട് വിയോജിപ്പുള്ളവരാണ്.
നേരത്തെ മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയ വിമത എംപി എന്‍ഡിഎയ്ക്കുള്ള തന്റെ പിന്തുണ പിന്‍വലിയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചരട് വലിക്ക് കാരണമാകുന്നുണ്ടെന്നാണ് വിവരം. അതിനാല്‍ കുശ്വാഹയുടെ എന്‍ഡിഎ വിടല്‍ പ്രഖ്യാപനം നടത്തിയതോടെ ഇവരുടെ നീക്കങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
നാളെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബിഹാറിലെ പ്രമുഖ പാര്‍ട്ടി എന്‍ഡിഎ വിടാന്‍ തീരുമാനമെടുത്തത്. ബിഹാറില്‍ ബിജെപിയേയും സഖ്യകക്ഷിയായ ജെഡിയുവിനേയും നേരിടാനാണ് ഉപേന്ദ്ര കുശ്വാഹയുടെ തീരുമാനം. ജെഡിയു മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്കെതിരെ മഹാസഖ്യത്തിലൂടെ ബിഹാറില്‍ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷത്തെ വഞ്ചിച്ച് എന്‍ഡിഎ പാളയത്തിലെത്തുകയായിരുന്നു.
ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് എന്‍ഡിഎയ്ക്കെതിരെ നീങ്ങാനാണ് ആര്‍എല്‍എസ്പി തീരുമാനം.
ബിജെപിയുമായി നിതീഷകുമാര്‍ വീണ്ടും അടുത്തപ്പോഴാണ് കുശ്വാഹയെ ബിജെപിക്ക് വേണ്ടാതായത്. ഒക്ടോബറില്‍ അമിത്ഷായും നിതീഷ്‌കുമാറും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനായി മറ്റ് ചെറിയ പാര്‍ട്ടികള്‍ അവരുടെ സീറ്റുകള്‍ വിട്ടുനല്‍കണമെന്നും ബിജെപി ആവശ്യപ്പെടുകയുണ്ടായി. ഇതോടെ കുശ്വാഹ പൊട്ടിത്തെറിച്ചു. പിന്നാലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശത്തിന് പിന്നാലെ എന്‍ഡിഎ വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാകും ആര്‍എല്‍എസ്പി.
Discussion about this post