ഭോപ്പാൽ: തമിഴ്‌നാട്ടിൽ വീശിയടിച്ച കൊടുങ്കാറ്റ് നിവാർ കവർന്നത് മധ്യപ്രദേശിൽ ചികിത്സയിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ. ഒരു മാസത്തോളമായി കോവിഡിനോട് പോരാടികൊണ്ടിരുന്ന യുവഡോക്ടറുടെ ശസ്ത്രക്രിയ മുടങ്ങുകയും അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. മുപ്പതുകാരനായ ഡോക്ടർ ശുഭം ഉപാധ്യായയെയാണ് നഷ്ടമായത്.
കോവിഡ് ഗുരുതരമായതിനെ തുടർന്ന് ശുഭത്തിന്റെ ശ്വാസകോശത്തിന്റെ 90 ശതമാനത്തേയും മോശമായി ബാധിച്ചിരുന്നു. അവയവമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു ജീവൻ രക്ഷപ്പെടുത്താനുള്ള മാർഗ്ഗം.
ഇതിനായി ശുഭത്തെ ചെന്നൈയിലേക്ക് വ്യോമമാർഗം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നിവാർ കൊടുങ്കാറ്റ് ഭീഷണിയെ തുടർന്ന് വ്യോമഗതാഗതം നിർത്തി വെച്ചതോടെ ശസ്ത്രക്രിയ മുടങ്ങുകയായിരുന്നു. ചെന്നൈയിലെത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കോവിഡ് പോരാളിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ശുഭത്തിനെ ചികിത്സിച്ച ഡോക്ടർ അജയ് ഗോയെങ്ക പറയുന്നു.
മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിൽ കരാറടിസ്ഥാനത്തിലായിരുന്നു ശുഭത്തിന്റെ ആതുരസേവനം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ ഒക്ടോബർ 28 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബർ പത്തിന് ആരോഗ്യനില വഷളായതിനെ തുടർന്ന് ശുഭത്തിനെ ചിരായു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ കോവിഡ് പോരാളിയായ ഡോക്ടർ ശുഭത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.
Discussion about this post