കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുത്, കര്‍ഫ്യൂ ആകാം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

covid spread india

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കൊവിഡ് 19ന് രണ്ടാം തരംഗത്തിന് സാധ്യതയേറുന്നുവെന്ന ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രം പുറപ്പെടുവിച്ചു.

പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ അനുവാദമില്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കര്‍ഫ്യൂ ആകാമെന്നും നിര്‍ദേശമുണ്ട്.

ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം കര്‍ശനമാക്കണം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഓഫീസുകളില്‍ അടക്കം സാമൂഹിക അകലം ഉറപ്പാക്കണം. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍, ഓഫീസ് സമയക്രമീകരണം അടക്കം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം ഉറപ്പിക്കുന്ന നടപടികളും സ്വീകരിക്കണം. പുതുക്കിയ മാര്‍ഗനിര്‍ദേശം ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് നിലനില്‍ക്കുക.

Exit mobile version