ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി എട്ട് മണിയോടെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാടും പുതുച്ചേരിയും അതീവജാഗ്രതയിലാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.
മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ വിമാനത്താവളം അടച്ചു. രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മെട്രോ സര്‍വീസുകളും ഏഴ് മണി മുതല്‍ നിര്‍ത്തിവയ്ക്കും. ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു.
നിലവില്‍ കടലൂരില്‍ നിന്ന് വെറും തൊണ്ണൂറു കിലോമീറ്റര്‍ അകലയൊണു നിവാറ്. മാമലപുരത്തിനും കാരയ്ക്കലിനും ഇടയില്‍ പുതുച്ചേരിക്കു സമീപം നിവാര്‍ കരതൊടുമെന്നാണു പ്രവചനം. നാഗപട്ടണം, മൈലാടുംതുറൈ കടലൂര്‍ , വിഴുപ്പുറം, ചെങ്കല്‍പേട്ട് കാരയ്ക്കല്‍ പുതുച്ചേരി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതലായിരിക്കും. ചെന്നൈയില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞുവീശിയേക്കും. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചു.