ബംഗളൂരു: യുപിലേക്കാളും ഗുജറാത്തിലേക്കാളും ഗോവധ നിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന് പറഞ്ഞു.
നിലവില്‍ രാജസ്ഥാന്, ആന്ധ്ര പ്രദേശ്, തെലങ്കാന, അസം, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗസറ്റ് വിജ്ഞാപനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.
ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. പാര്‍ട്ടിയ്ക്ക് അകത്ത് നിന്ന് സമ്മര്‍ദ്ദം വര്ധിച്ചതിനേത്തുടര്ന്നാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ തിരക്കിട്ടുള്ള നീക്കം.
കന്നുകാലികളെ അറക്കുന്നതും കശാപ്പിനായി വില്‍ക്കുന്നതും പുതിയ ബില്‍ പ്രകാരം കുറ്റകൃത്യമാകും. കശാപ്പ് ചെയ്യല്‍, ഉപയോഗിക്കല്‍ എന്നിവയ്ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ കേരളത്തേയും സാരമായി ബാധിച്ചേക്കും.
സംസ്ഥാന അതിര്‍ത്തി കടന്ന് കന്നുകാലികളെ കൊണ്ടുവരുന്നത് ദുഷ്കരമായാല്‍ മലയാളി ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തിരിച്ചടിയായേക്കും. 2008ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയ ഗോവധ നിരോധന ബില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിരിച്ചയച്ചിരുന്നു.
കൂടുതല്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഈ നിയമം പിന്‍വലിച്ചു. 2014ല്‍ സിദ്ധാരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.
Discussion about this post