മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ച സംഭവം; ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

pawan kumar telangana

ഹൈദരാബാദ്: മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. ഹൈദരാബാദ് ആല്‍വാല്‍ സ്വദേശിയും ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാചര്‍ല പവന്‍കുമാറാണ്(40) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പവന്‍ കുമാറിന്റെ ഭാര്യ കൃഷ്ണവേണിയെയും ബന്ധുക്കളായ ആറ് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി കൃഷ്ണവേണിയും കുടുംബവും താമസിക്കുന്ന വീട്ടില്‍വെച്ചാണ് അതിദാരുണമായ ഈ സംഭവം നടന്നത്. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന സംശയത്തിലാണ് ഭാര്യവീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞത്. കൊല്ലപ്പെട്ട പവന്‍കുമാറിന്റെ ഭാര്യാസഹോദരനായ ജഗന്‍ 12 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ജഗന്റെ മരണത്തിന് കാരണം പവന്‍കുമാറിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് കൃഷ്ണവേണിയുടെ കുടുംബാംഗങ്ങള്‍ വിശ്വസിച്ചത്. തിങ്കളാഴ്ച ഭാര്യവീട്ടിലെത്തിയ പവന്‍കുമാറിനെ കൃഷ്ണവേണിയുടെ മാതാപിതാക്കളും ജഗന്റെ ഭാര്യയും മറ്റു ബന്ധുക്കളും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

മരിച്ച പവന്‍കുമാറിന്റെ പിതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൃഷ്ണവേണിയുടെ ബന്ധുക്കള്‍ പെട്രോള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ പവന്‍കുമാറിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ ഭാര്യ കൃഷ്ണവേണിയുടെ പ്രതികരണം. പവന്‍കുമാറും തന്റെ വീട്ടുകാരുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സഹോദരന്‍ മരിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട്ടിലേക്ക് വന്നതെന്നുമാണ് അവര്‍ പറഞ്ഞത്. ഭര്‍ത്താവ് വീട്ടിലേക്ക് വന്നാല്‍ ആക്രമിക്കപ്പെടുമെന്ന് താന്‍ ഭയന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തോട് വീട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. ജഗന്റെ മരണത്തിന് കാരണം തന്റെ ഭര്‍ത്താവിന്റെ ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഹോദര ഭാര്യയായ സുമലതയും മറ്റുള്ളവരും ചേര്‍ന്ന് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കൃഷ്ണവേണി പറഞ്ഞു.

തിങ്കളാഴ്ച ഭര്‍ത്താവിനെ തീകൊളുത്തിയപ്പോള്‍ നിലവിളി കേട്ട് താന്‍ ഓടിയെത്തിയപ്പോള്‍ മുറി നിറയെ പുക പടര്‍ന്നിരിക്കുകയായിരുന്നു. വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ആവശ്യപ്പെട്ടു. സഹായത്തിനായി അലറിവിളിച്ചെങ്കിലും ആരും തന്നെ സഹായിച്ചില്ലെന്നും ഇതിനിടെ താന്‍ ബോധരഹിതയായെന്നും കൃഷ്ണവേണി പറഞ്ഞു. ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയത് സഹോദരഭാര്യയായ സുമലതയാണെന്നുമാണ് അവര്‍ പോലീസിനോട് പറഞ്ഞത്.

Exit mobile version