ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തടാകത്തിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ജലം പുറത്തേക്ക് തുറന്നു വിടുമെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
22 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഉടന്‍ തടാകത്തില്‍ നിന്ന് ആയിരം ക്യുസെക്സ് വെള്ളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാര്‍ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങള്‍ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയര്‍മാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും അയച്ചിട്ടുണ്ട്. തടാകത്തിലെ വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂര്‍, വല്‍സരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം.
ചെമ്പരമ്പാക്കം തടാകം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരത്തും ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 2015 ല്‍ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങള്‍ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസത്തില്‍ പടിവാതിലിലെത്തി നില്‍ക്കേ അന്നത്തെ ഗുരുതരമായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് വൈകീട്ട് തമിഴ്നാട് തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
Discussion about this post