ന്യൂഡല്‍ഹി: ട്വിറ്ററില്‍ താന്‍ പങ്കുവെച്ച ചിത്രത്തെ കുറിച്ച് രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്റുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു കെറ്റലിന്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’ അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രം രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന അടികുറിപ്പോടെയാണ് പങ്കുവെച്ചത്.
എന്നാല്‍ രാജ്യം കാവിവത്കരിക്കുന്നു എന്നാണോ, അതോ കോണ്‍ഗ്രസ് പാര്‍ട്ടി കാവിവത്കരിക്കപ്പെടുന്നു എന്നാണോ തരൂര്‍ ഉദ്ദേശിച്ചത് എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ആരംഭിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള കൂടുമാറ്റമാണോ തരൂര്‍ ഉദ്ദേശിക്കുന്നത് എന്ന അര്‍ത്ഥത്തിലും ചില കമന്റുകള്‍ വന്നു.
ഇതേതുടര്‍ന്നാണ് താന്‍ പങ്കുവെച്ച ചിത്രത്തിന് വിശദീകരണവുമായി തരൂര്‍ തന്നെ രംഗത്ത് എത്തിയത്. തന്റെ ട്വീറ്റിന്റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍എസ്എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ, ഞാന്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണം, ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്. നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും എന്നാണ് ശശി തരൂര്‍ നല്‍കിയ വിശദീകരണം.
I'm frankly appalled that some are giving a pro-RSS twist to the meaning of my tweet. I don't know the artist, Abhinav Kafare, but i posted it because to me the chaiwalla is straining India's tiranga into saffron & we must resist it. That is the message of my books as well! https://t.co/2R88qbJPCg
— Shashi Tharoor (@ShashiTharoor) November 24, 2020