പട്ന: ബീഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ സന്തോഷം കടുത്ത നിതീഷ് ആരാധകനായ അനില്‍ ശര്‍മ്മ വിരല്‍ മുറിച്ചാണ് പങ്കിടുന്നത്. നാല് തവണയും മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം തന്റെ വിരല്‍ മുറിച്ചു. ഓരോ തവണയും ഓരോ വിരല്‍ മുറിച്ചാണ് ആഹ്ലാദം പങ്കിടുന്നത്.
നാലാം തവണയും നിതീഷ് മുഖ്യമന്ത്രിയായതിന് തന്റെ കൈയിലെ നാലാമത്തെ വിരല്‍ മുറിച്ചാണ് ആരാധകന്റെ ആഹ്ലാദപ്രകടനം. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭവം. ജില്ലയിലെ വൈന ഗ്രാമത്തിലാണ് 45കാരനായ അനില്‍ ശര്‍മ്മയുടെ താമസം. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ ഈ രീതിയിലാണ് നിതീഷിന്റെ വിജയം കൊണ്ടാടിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഓരോ തവണ നിതീഷ് മുഖ്യമന്ത്രിയായപ്പോഴും തന്റെ ഇടതു കൈയിലെ വിരലുകളാണ് ഇയാള്‍ മുറിച്ചത്. പ്രദേശത്തെ ഗോരയ്യ ബാബ എന്ന ദൈവത്തിന് മുന്നിലാണ് ഇയാള്‍ വിരലുകള്‍ ബലിയര്‍പ്പിച്ചത്. 2005 ലാണ് ശര്‍മ്മ ആദ്യമായി വിരല്‍ മുറിച്ചത്. നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു ഇത്. പിന്നീട് തുടര്‍ച്ചയായി 2010, 2015 വര്‍ഷങ്ങളിലും നിതീഷ് മുഖ്യമന്ത്രിയായി. അപ്പോഴെല്ലാം ശര്‍മ്മ ഇതേ ആചാരം നിലനിര്‍ത്തുകയായിരുന്നു.
എന്തിനാണ് ഇത്തരത്തില്‍ വിരലുകള്‍ മുറിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിജയം ആഘോഷിക്കാന്‍ തനിക്ക് തന്റേതായ വഴികളുണ്ടെന്നായിരുന്നു ശര്‍മ്മയുടെ പ്രതികരണം. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മുഖ്യമന്ത്രി എന്നെ കാണാന്‍ വരില്ലെന്നറിയാം. എന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം കുറയില്ല, ശര്‍മ്മ പറഞ്ഞു.
Discussion about this post