ഭുവനേശ്വര്‍: അഞ്ച് വയസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് നിയമസഭാ മന്ദിരത്തിന് മുന്നിലെത്തി തീ കൊളുത്തി ജീവനൊടുക്കാന്‍ മാതാപിതാക്കളുടെ ശ്രമം. ഒഡീഷയിലെ നയാഘട്ട് ജില്ലയില്‍നിന്നുള്ള ദമ്പതിമാരാണ് ചൊവ്വാഴ്ച ഭുവനേശ്വറിലെ നിയമസഭ മന്ദിരത്തിന് മുന്നിലെത്തി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞത്.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ഇരുവരെയും പോലീസുകാര്‍ തടയുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലായ് 10-നാണ് ദമ്പതിമാരുടെ അഞ്ച് വയസ്സുള്ള മകളെ കാണാതായത്. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വീടിന് പിറകുവശത്താണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കണ്ണുകള്‍ ചൂഴ്ന്നെടുത്ത് വൃക്കകള്‍ പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും അതിനാലാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് ആരോപിക്കുന്നു. ദമ്പതിമാരുടെ ആത്മഹത്യാശ്രമം വിവാദമായതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post