ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയേയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയേയും നേരിട്ട് ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്.
ഇരുസംസ്ഥാനങ്ങൾക്കും കേന്ദ്രത്തിൽനിന്ന് എല്ലാവിധ സഹായവും ഉറപ്പുനൽകിയതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ നിവാർ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയിൽ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക.
അതേസമയം, ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന ഭീതിയെ തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ കഴിഞ്ഞദിവസം മുതൽ കനത്ത മഴ തുടരുകയാണ്. പുതുച്ചേരിയിൽ ജനങ്ങൾ കൂട്ടംകൂടുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതൽ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പൊതുഗതാഗതത്തിനും നിരോധനമേർപ്പെടുത്തി. കടലൂർ ജില്ലയിൽ അഞ്ഞൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഇവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങളെ ഇതിനോടകം കടലൂർ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങൾ ചെന്നൈയിലും ക്യാമ്പ് ചെയ്യുന്നു.
ആശുപത്രി, ഫാർമസി, മിൽക്ക് ബൂത്തുകൾ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പുതുക്കോട്ട, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവിടങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ ചൊവ്വാഴ്ച ഉച്ചമുതൽ നിർത്തിവെച്ചു.
Discussion about this post