കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അസദുദ്ദീന്‍ ഒവൈസിക്ക് തിരിച്ചടി. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പശ്ചിമബംഗാള്‍ കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ബിജെപിയെ സഹായിക്കാന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അന്‍വര്‍ പാഷ തൃണമൂലില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനൊപ്പം ഇദ്ദേഹത്തിന്റെ അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ മമത നടത്തിയ പോരാട്ടത്തെ അന്‍വര്‍ പാഷ പ്രകീര്‍ത്തിച്ചു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വലിച്ചുകീറിയതിലൂടെ ഒന്നും നേടാനാവില്ലെന്നും മമത ബാനര്‍ജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും പാഷ ഒവൈസിയെ ഉന്നമിട്ടുകൊണ്ട് പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ എഐഎംഐഎം ബംഗാള്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ പാര്‍ട്ടി കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേ സമയം അന്‍വര്‍ പാഷയുടെ പുറത്തുപോകല്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എഐഎംഐഎം വാക്താവ് സയിദ് അസിം വഖാര്‍ പറഞ്ഞു. പാഷ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇയാളെ പുറത്താക്കാനിരുന്നതാണെന്നും വക്താവ് പറഞ്ഞു.