ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്സ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും 92 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും 56 ശതമാനം സ്വകാര്യ ആശുപത്രികളും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഒരു കോടിയോളം വരുമെന്നും ഇവര്‍ക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍നിര പോരാളികള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്നുമാണ് നിലവിലെ തീരുമാനം.
റഷ്യയുടെ സ്പുടിനിക് വാക്‌സിന്റെ 2-3 ഘട്ടങ്ങളുടെ പരീക്ഷണം രാജ്യത്ത് ഈ ആഴ്ച ആരംഭിക്കും. അതേസമയം ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല പറഞ്ഞത്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.
















Discussion about this post