കൊൽക്കത്ത: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങുകൾക്കും സഞ്ചയനത്തിനും പിന്നാലെ പരേതൻ ജീവനോടെ തിരിച്ചെത്തി. പശ്ചിമബംഗാളിലെ പാർഗ്‌നാസ് ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. കോവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ച ശിബദാസ് ബാനർജിയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
എഴുപത്തഞ്ചുകാരനായ ബാനർജിയുടെതെന്ന് കരുതി മൃതദേഹസംസ്‌കാരവും കുടുംബം നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹം തിരിച്ചെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി അധികൃതർക്ക് തെറ്റുപറ്റിയതാണെന്നും മരിച്ചത് ശിബദാസ് ബാനർജിയല്ലെന്നും വ്യക്തമായത്.
നവംബർ നാലാം തീയതിയാണ് ശിബദാസ് ബാനർജിയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബാൽറാംപൂർ ബസു ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം നവംബർ 13ാം തീയതി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. കോവിഡ് കാരണം മരിച്ചതിനാൽ മൃതദേഹം ബന്ധുക്കൾക്ക് കാണാനോ ചടങ്ങുകൾ നടത്താനോ അനുമതി ഉണ്ടായിരുന്നില്ല. അതാണ് ആളുമാറിയത് തിരിച്ചറിയാനാകാതെ പോയതിന് കാരണമായത്.
അതേസമയം, ബാനർജി മരിച്ചെന്ന് കരുതി വെള്ളിയാഴ്ച സഞ്ചയനത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് പരേതൻ മരിച്ചിട്ടില്ലെന്ന വിവരം ലഭിച്ചത്. ആശുപത്രിയിൽ നിന്ന് സംഭവിച്ച പിഴവിനെ തുടർന്ന് മറ്റാരുടേയോ മൃതദേഹം ബാനർജിയുടേതെന്ന പേരിൽ സംസ്‌കരിക്കുകയായിരുന്നെന്ന് വ്യക്തമായി.
പിന്നീട് ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുത്തതോടെയാണ് ബാനർജിയെ തിരിച്ചറിഞ്ഞത്. മോഹിനിമോഹൻ മുഖർജി എന്ന എഴുപത്തിയഞ്ചുകാരന്റെ മൃതദേഹമാണ് ശിബദാസ് മുഖർജിയാണെന്ന പേരിൽ സംസ്‌കരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ: ശിബദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അതേദിവസം തന്നെയായിരുന്നു മുഖർജിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം ഗുരുതരമായതോടെ മുഖർജിയെ ബാരാസതിലെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് മുഖർജിയുടേതിന് പകരം മാറി അയച്ചത് ശിബദാസിന്റെ മെഡിക്കൽ റിപ്പോർട്ടാകാമെന്നും ഈ അശ്രദ്ധയാണ് മുഖർജിയുടെ മരണത്തിന് ശേഷം ശിബദാസിന്റെ കുടുംബത്തെ മരണവാർത്ത അറിയിക്കാൻ കാരണമായതും.
അതേസമയം, ചികിത്സയിൽ കഴിയുകയായിരുന്ന ശിബദാസ് പിന്നീട് രോഗമുക്തി നേടിയതോടെ മുഖർജിയുടെ വീട്ടുകാരെ ആശുപത്രിയിൽ നിന്ന് വിവരമറിയിച്ചു. എന്നാൽ വീട്ടുകാർക്ക് ശിബദാസിനെ തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെയാണ് ആശുപത്രി അധികൃതർ അബദ്ധം തിരിച്ചറിയുന്നത്.
സംഭവത്തിൽ നാലംഗ സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ തപസ് റോയ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് വിശദമാക്കി.