‘ഞങ്ങള്‍ അവിഭക്ത ഇന്ത്യ എന്നതില്‍ വിശ്വസിക്കുന്നു, കറാച്ചി ഒരുദിവസം ഇന്ത്യയുടെ ഭാഗമാകും’; ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്

devendra fadnavis bjp leader

മുബൈ: കറാച്ചി ഒരുദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ് ഷോപ്പിന്റെ ഉടമയോട് അതിന്റെ പേര് മാറ്റണമെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ പറഞ്ഞ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ അവിഭക്ത ഇന്ത്യ എന്നതില്‍ വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാന്ദ്രയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ് ഷോപ്പിന്റെ ഉടമയോട് അതിന്റെ പേര് മാറ്റണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത് എത്തിയിരുന്നു.

‘കറാച്ചി സ്വീറ്റ്സും കറാച്ചി ബേക്കറിയും 60 വര്‍ഷമായി മുബൈയിലുണ്ട്. അവര്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ പേര് മാറ്റാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ഇത് ശിവസേനയുടെ ഔദ്യോഗിക നിലപാടല്ല’ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

Exit mobile version