മുംബൈ: ജനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ സുനാമി പോലെ കൊവിഡ് വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. നിലവില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനം നിയന്ത്രണവിധേയമാണ്. എന്നാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ വീണ്ടും വൈറസ് വ്യാപനം ഉണ്ടായേക്കാമെന്നാണ് താക്കറേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ കാണിച്ച സംയമനത്തിനും അച്ചടക്കത്തിനും നന്ദി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘എല്ലാ ആഘോഷങ്ങളും നാം മുന്‍കരുതലോടെയാണ് ആഘോഷിച്ചത്. അത് ഗണേശോത്സവമായാലും ദസ്സറ ആയാലും. ദീപാവലി ആഘോഷിക്കുമ്പോഴും നിങ്ങളോട് ഞാന്‍ പടക്കം പൊട്ടിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. നിങ്ങള്‍ അത് പാലിക്കുകയും ചെയ്തു. അതുകൊണ്ടെല്ലാം ഇപ്പോള്‍ കൊവിഡിനെതിരായ യുദ്ധം നമ്മുടെ നിയന്ത്രണത്തിലാണ്’ എന്നാണ് താക്കറെ പറഞ്ഞത്.
ഞാന്‍ പറഞ്ഞിരുന്നു ദീപാവലിക്ക് ശേഷം ആള്‍ക്കൂട്ടമുണ്ടാകുമെന്ന്. നിരവധി ആളുകള്‍ മാസ്‌ക് ധരിക്കാതെയിരിക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ് അവസാനിച്ചുവെന്ന് ആരും കരുതരുത്. അശ്രദ്ധ പാടില്ല. രണ്ടാംഘട്ട വ്യാപനവും മൂന്നാംഘട്ട വ്യാപനവും സുനാമിപോലെ കൂടുതല്‍ രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വാക്‌സിന്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എപ്പോള്‍ എത്തുമെന്ന കാര്യവും അറിയില്ല. ഇനി അഥവാ ഡിസംബറില്‍ വാക്‌സിന്‍ എത്തിയാല്‍ തന്നെ അത് മഹാരാഷ്ട്രയിലേക്ക് എപ്പോള്‍ എത്തുമെന്ന് അറിയില്ല. മഹാരാഷ്ട്രയില്‍ 12 കോടി ജനങ്ങളാണ് ഉളളത്. അതുകൊണ്ട് തന്നെ വാക്‌സിന്‍ രണ്ടുതവണ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് 25 കോടി ആളുകള്‍ക്കുളള വാക്സിനാണ് വേണ്ടത്. അതിന് സമയമെടുക്കും. ഇപ്പോള്‍ സംസ്ഥാനത്തെ ആരാധാനാലയങ്ങള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ അവിടെ ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണം. ആവശ്യത്തിന് കിടക്കകളില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കും പിന്നെ നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.