വിദൂര ഗ്രാമത്തില്‍ 52കാരന്‍ ഒഴികെ എല്ലാവര്‍ക്കും കൊവിഡ് 19; കുടുംബത്തിലെ 6 പേര്‍ക്കും വൈറസ് പിടിപ്പെട്ടിട്ടും ഭൂഷണ്‍ വിട്ടുനിന്നു! തുണച്ചത് അടിസ്ഥാന പ്രതിരോധമാര്‍ഗങ്ങള്‍

Himachal Man Avoided Covid

ഷിംല: കൊവിഡ് പരിശോധന നടത്തിയതില്‍ ഗ്രാമത്തിലെ ഒരാള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ വിദൂര ഗ്രാമമായ തൊരംഗിലെ ഭൂഷണ്‍ താക്കൂറാണ് വൈറസ് ബാധയേല്‍ക്കാതെ നിന്നത്. അടിസ്ഥാനപരമായ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ മാത്രമാണ് ഭൂഷണ്‍ തുടര്‍ന്നത്. ഇതാണ് ഇദ്ദേഹത്തെ കൊവിഡ് ബാധയില്‍ നിന്നും രക്ഷിച്ചതും. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും തന്നെ കൊവിഡില്‍ നിന്ന് സംരക്ഷിച്ചതായി ഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഭൂഷണിന്റെ കുടുംബത്തില്‍ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷണ്‍ കഴിഞ്ഞത്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കൊവിഡ് പകരാന്‍ പ്രധാനകാരണമെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. തണുപ്പ് വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആളുകള്‍ കൂട്ടമായി തീകായുകയും ഒരേ മുറിയില്‍ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷണ്‍ പറയുന്നു.

ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. താരപനില കുറയുമ്പോള്‍ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് പതിവ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്ന താപനിലയാണ് ഇപ്പോള്‍ തൊരംഗില്‍. ഇതിന്റെ അടിസ്ഥാനത്തില്‍, കുറേ പേര്‍ ഗ്രാമം വിട്ടു പോയി. ശേഷം അവശേഷിച്ച 42 പേര്‍ക്കാണ് നവംബര്‍ 13 ന് കൊവിഡ് പരിശോധന നടത്തിയത്. അതില്‍ 41 പേരും പോസിറ്റീവാവുകയായിരുന്നു.

ശനിയാഴ്ച നടത്തിയ പുനഃപരിശോധനയില്‍ ചിലരൊക്കെ നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് റായി പറഞ്ഞു. ഒക്ടോബര്‍ 13 ന് ഗ്രാമത്തില്‍ ആഘോഷപരിപാടി നടന്നിരുന്നു. ഇതില്‍ ആളുകള്‍ സംഘം ചേര്‍ന്നതാവാം കൊവിഡ് പകരുന്നതിന് കാരണമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version