ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നേതാക്കളുടെ അധികാര ഭ്രമത്തെ വിമർശിച്ചും പാർട്ടി നേതൃത്വത്തെ പഴിച്ചും വീണ്ടും രംഗത്തെത്തി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഫൈവ് സ്റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും നേതാക്കൾക്ക് താഴെതട്ടിലുള്ള അണികളുമായി ബന്ധം നഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
ഫൈവ് സ്റ്റാർ സംസ്‌കാരം കൊണ്ട് തെരഞ്ഞെടുപ്പുകൾ വിജയിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാർട്ടിയുടെ നിലവിലെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ ഒരു നേതാവിന് മത്സരിക്കാൻ സീറ്റ് കിട്ടിയാൽ ആദ്യം ചെയ്യുന്നത് ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുക എന്നതാണ്. കഠിനമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ അവർ തയ്യാറല്ല. ഫൈവ് സ്റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ, ഒരാൾക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
”പാർട്ടിക്ക് താഴെ തട്ടിൽ ബന്ധം നഷ്ടപ്പെട്ടു. ഞങ്ങളെല്ലാവരും തോൽവികളെ കുറിച്ച് ആശങ്കയിലാണ്. പ്രത്യേകിച്ച് ബിഹാറിലെയും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലേയും തോൽവികൾ. താൻ നേൃത്വതത്തെ കുറ്റപ്പെടുത്തുന്നില്ല. തങ്ങളുടെ നേതാക്കളുടെ താഴെ തട്ടിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു”- ഗുലാം നബി ആസാദ് തന്റെ വിമർശനം തുടർന്നതിങ്ങനെ.
Discussion about this post