കൊൽക്കത്ത: മക്കൾ ഉപേക്ഷിച്ചതോടെ തെരുവിലായ വയോധികൻ ചിത്രങ്ങൾ വരച്ചുവിറ്റ് അന്നന്നത്തെ അന്നം തേടുന്നു. സോഷ്യൽമീഡിയയിലൂടെ ഈ ചിത്രങ്ങൾ വൈറലായതോടെയാണ് സുനിൽ പാൽ എന്ന വൃദ്ധന്റെ കരളലിയിക്കുന്ന ജീവിതവും പുറംലോകമറിഞ്ഞത്. കൊൽക്കത്തയിലെ തെരുവുകളിലാണ് 80കാരനായ ഈ വൃദ്ധചിത്രകാരന്റെ ജീവിതം.
പ്രായമേറിയതോടെ ഇനി സംരക്ഷിക്കാനാകില്ലെന്ന് പറഞ്ഞ് മക്കൾ വീട്ടിൽ നിന്ന് ഇദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നു. ഭാര്യ മരിച്ചതോടെയാണ് മക്കളും ഇദ്ദേഹത്തെ കൈയ്യൊഴിഞ്ഞത്. തുടർന്ന് തെരുവിലായ സുനിൽ റോഡരികിൽ ചിത്രങ്ങൾ വരച്ച് വിറ്റാണ് ജീവിക്കുന്നത്. അനുഗ്രഹീത കലാകാരനായ ഇദ്ദേഹത്തിന്റെ ചിത്രങ്ങളാകട്ടെ കാഴ്ചക്കാരെ ആകർഷിക്കുന്നതുമാണ്.
സുനിൽ പാൽ തന്റെ അതിമനോഹരമായ ചിത്രങ്ങൾ വിൽക്കുന്നത് തുച്ഛമായ വിലയ്ക്കാണ്. 50 രൂപയ്ക്കും 100 രൂപയ്ക്കുമൊക്കെ ചിത്രങ്ങൾ വിറ്റ് ജീവിക്കുന്ന സുനിലിന്റെ കഥ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ചർച്ചയായിരിക്കുകയാണ്.
കൊൽക്കത്ത ഗോൽ പാർക്കിലെ ഗരിയഹട്ട് റോഡിലാണ് സുനിൽ ചിത്രങ്ങൾ വിൽക്കാനിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടവരും അദ്ദേഹത്തിന്റെ ദയനീയവസ്ഥയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവരുമൊക്കെ ഇപ്പോൾ സഹായിക്കാനായി ചിത്രങ്ങൾ വാങ്ങാനെത്തുന്നുണ്ട്. കൊൽക്കത്തയിലുള്ളവർ പടം വാങ്ങി അയച്ച് തരണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. കൂടുതൽ പേർ ചിത്രം വാങ്ങാനെത്തിയതോടെ ജീവിതം പച്ച പിടിക്കുന്നതിൻറെ സന്തോഷത്തിലാണ് സുനിൽ.