ചെന്നൈ: വ്യാജപീഡന പരാതി കാരണം പഠനവും കരിയറും നശിച്ച യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ചെന്നൈയിലെ കോടതി വിധിച്ചു. സന്തോഷ് എന്ന യുവാവിനാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നിരപരാധിത്വം തെളിയിക്കാനായി ഏഴുവർഷം കോടതി വ്യവഹാരങ്ങളിൽ പെട്ട് അലഞ്ഞ യുവാവിന്റെ അപേക്ഷ പരിഗണിച്ചാണ് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതി നൽകിയ പരാതി വ്യാജമാണെന്നും സന്തോഷ് നിരപരാധിയാണെന്നും മുമ്പ് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ സന്തോഷുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടി തന്നെയാണ് അയാൾക്കെതിരെ വ്യാജപരാതിയുമായി എത്തിയത്.
എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി ഉറപ്പിച്ച വിവാഹം പിന്നീട് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തതിന് പിന്നാലെ മുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി സന്തോഷിനെതിരെ പരാതിയുമായി എത്തിയത്. സന്തോഷ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും ഉടൻ വിവാഹം നടത്തണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കളും ആവശ്യപ്പെട്ടു. ആരോപണം സന്തോഷ് നിഷേധിച്ചെങ്കിലും പെൺകുട്ടിയും വീട്ടുകാരും പോലീസിൽ പരാതി നൽകി. ഈ പരാതിയിൽ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി സന്തോഷിനെ 95 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുെ ചെയ്തു.
2010 ഫെബ്രുവരി 12നാണ് പിന്നീട് സന്തോഷിന് ജാമ്യം ലഭിച്ചത്. ഇതിനിടെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധന നടത്തുകയും കുട്ടിയുടെ പിതാവ് സന്തോഷല്ല എന്ന് വ്യക്തമാവുകയും ചെയ്തു. എന്നാൽ ഇതിന് ശേഷവും ഏഴുവർഷത്തോളം കോടതി നടപടികൾ നീണ്ടു. ഒടുവിൽ മഹിളാ കോടതി 2016 ഫെബ്രുവരി 10നാണ് സന്തോഷിനെ കുറ്റവിമുക്തനാക്കുന്നത്.
ഇതിന് പിന്നാലെയാണ് സന്തോഷ് മാനനഷ്ടത്തിന് പെൺകുട്ടിയ്ക്കും കുടുംബത്തിനുമെതിരെ കോടതിയെ സമീപിച്ചത്. വ്യാജ പീഡന പരാതി തന്റെ കരിയർ നശിപ്പിച്ചുവെന്നാണ് സന്തോഷ് പരാതിയിൽ കോടതിയെ ബോധിപ്പിച്ചത്. 30 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ പരാതിയിലാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയും രക്ഷിതാക്കളും ഈ തുക ഉടൻ നൽകണമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post