ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രം; എതിര്‍പ്പ് അറിയിച്ച് ഐഎംഎ, പരിശീലനം നല്‍കില്ലെന്നും പ്രതികരണം

surgery

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു. തീരുമാനത്തെ ദുരന്തത്തിന്റെ കോക്ടെയില്‍ എന്നാണ് ഐഎംഎ വിശേഷിപ്പിച്ചത്. കേന്ദ്ര തീരുമാനത്തിന് എതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി.

ജനറല്‍ സര്‍ജറി, ഇ.എന്‍ടി, ഒഫ്താല്‍മോളജി, ദന്തശസ്ത്രക്രിയ എന്നിവ നടത്താനാണ് സ്‌പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. ഇതിനായി ഇന്ത്യന്‍ മെഡിസിന്‍സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്തു. ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.

ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തെറപ്പി തുടങ്ങി 15 ചികിത്സകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പിജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Exit mobile version