ഗുവഹാട്ടി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നുമാണ് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.
കൊവിഡ് മുക്തമനായ തരുണ്‍ ഗൊഗോയിയെ കൊവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് നവംബര്‍ രണ്ടിന് ഗുവഹാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ മുതല്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം നല്‍കുന്നുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. നിലവില്‍ അദ്ദേഹം ഇന്റുബേഷന്‍ വെന്റിലേറ്ററിലാണുള്ളത്. കൂടാതെ അദ്ദേഹത്തിന് ഡയാലിസിസും ആരംഭിച്ചിട്ടുണ്ട്.
അടുത്ത 48-72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
86 വയസ്സുള്ള തരുണ്‍ ഗൊഗോയ് മൂന്നു തവണ അസം മുഖ്യമന്ത്രിയായിട്ടുണ്ട്. ആഗസ്ത് 25നാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് കൊവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്നാണ്ാ ഈ മാസം രണ്ടിന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post