ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരവാദത്തിനെതിരെ പാകിസ്താൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഓർമ്മപ്പെടുത്തി. കാശ്മീരിലെ നഗരോടയിൽ ബുധനാഴ്ചയാണ് ഇന്ത്യൻ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്.
പാകിസ്താന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. പാകിസ്താന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ നൽകുന്ന നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പ് അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പാകിസ്താനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരർ സഞ്ചരിച്ച ട്രക്ക് വ്യാഴാഴ്ച ജമ്മു ശ്രീനഗർ ദേശീയപാതയിൽ നഗരോടയ്ക്കുസമീപം സിആർപിഎഫ്. തടയുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരുടെ പക്കൽനിന്ന് 11 എകെ റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു. 26/11 വാർഷിക ദിനത്തിൽ വലിയ ആക്രമണം നടത്താനാണ് തീവ്രവാദ സംഘങ്ങളുടെ പദ്ധതിയെന്നാണ് നിഗമനം.
Discussion about this post