ലഖ്നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് വ്യാജമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് ഒരു ദമ്പതികള്‍ നടത്തുന്ന മദ്യശാലയില്‍നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്. മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ മദ്യശാല നടത്തിയിരുന്ന ഭര്‍ത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആറുപേരുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ലഭ്യമാകുവെന്ന് ജില്ല മജിസ്ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. മദ്യസാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.
യുപിയില്‍ നിരവധി വ്യാജമദ്യ ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2011 മുതല്‍ ഇന്ന് വരെ യുപിയില്‍ എട്ട് വിഷ മദ്യ ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 175 പേരാണ് ഇതുവരെ മരിച്ചത്.
Discussion about this post