ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ടു വര്‍ഷംവരെ തടവ് ശിക്ഷയും ലഭിക്കും.
ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര് ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് 1930ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു.
Discussion about this post