ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം ഡൽഹി നഗരത്തെ അതിരൂക്ഷമായി ബാധിക്കാൻ ആരംഭിച്ചതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഡൽഹിയിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ച് ഡോക്ടർമാർ.
സോണിയയ്ക്ക് ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാർ മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡൽഹിയിലെ വായു മലിനീകരണം സോണിയയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഡൽഹിയിൽ നിന്ന് മാറാനുള്ള നിർദേശമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. സോണിയ വെള്ളിയാഴ്ച തന്നെ യാത്ര തിരിച്ചേക്കുമെന്നും രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ അവർക്കൊപ്പമുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
ശ്വാസകോശ അണുബാധയെ തുടർന്ന് ജൂലായ് 30നാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റിൽ ആശുപത്രി വിട്ട ശേഷവും അവർ മരുന്നുകൾ തുടരുന്നുണ്ട്. സെപ്റ്റംബറിൽ മെഡിക്കൽ പരിശോധനയ്ക്കായി വിദേശത്തേക്കും പോയിരുന്നു.
Discussion about this post