കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം: ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യമന്ത്രി

അംബാല: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കാളിയായി ഹരിയാന ആരോഗ്യമന്ത്രി. ആദ്യ ഡോസ് സ്വീകരിച്ചാണ് ആരോഗ്യമന്ത്രി അനിൽ വിജ്ജ് പരീക്ഷണത്തിൽ പങ്കാളിയായത്. കോവിഡ് വാക്‌സിന്റെ പരീക്ഷണ ഡോസ് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം.

മന്ത്രിയെ പിജിഐ റോത്തക്കിലെയും ആരോഗ്യ വകുപ്പിലെയും മുതിർന്ന ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. പ്രമേഹരോഗിയായ അദ്ദേഹം അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കാര്യങ്ങൾ വിജയകരമായി നീങ്ങിയാൽ അടുത്ത വർഷമാദ്യം രാജ്യത്തെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ വെച്ച് 67കാരനായ മന്ത്രി വാക്‌സിൻ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) സഹകരണത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിൻ വികസിപ്പിക്കുന്നത്.

കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നുച ഇതിന് പിന്നാലെ, മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണത്തിന് താൻ സന്നദ്ധനാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ആദ്യ ഡോസ് നൽകൽ വിജയകരമായിരുന്നെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ. കുൽദീപ് സിങ് പറഞ്ഞു.

Exit mobile version